പത്തനംതിട്ട: നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്നലെ പൂർത്തീകരിച്ചപ്പോൾ വിദ്യാഭ്യാസം - കലാകായികം സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫിനു ഭൂരിപക്ഷം ലഭിച്ചു. 33 അംഗ കൗൺസിലിൽ യുഡിഎഫിന് 17 അംഗങ്ങളുടെ പിന്തുണയാണുള്ളത്.
ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഭരണപക്ഷമായ യുഡിഎഫിനാണ്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ വൈസ് ചെയർമാൻ എ. സഗീറായിരിക്കും. മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരെ ഒന്പതിനു തെരഞ്ഞെടുക്കും. എൽഡിഎഫിനു ലഭിച്ച വിദ്യാഭ്യാസം - കലാകായികം സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം വനിതാ സംവരണമാണ്. കൂടാതെ വികസനം, ആരോഗ്യം സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനവും വനിതകൾക്കാണ്.
അടൂരില്‍ വികസനം, ആരോഗ്യം, വിദ്യാഭ്യാസം - കലാകായികം സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനമാണ് വനിതകള്‍ക്ക് ലഭിക്കുന്നത്. എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും യുഡിഎഫിനാണ് ഭൂരിപക്ഷം. തിരുവല്ലയില്‍ ക്ഷേമകാര്യം, മരാമത്ത്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ തലപ്പത്തായിരിക്കും വനിതകളെത്തുക.ജില്ലാ പഞ്ചായത്തിൽ എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റിയും യുഡിഎഫിന്.
ജില്ലാ പഞ്ചായത്തിലെ എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചു. ഒന്‍പതിനാണ് അധ്യക്ഷരെ തെരഞ്ഞെടുക്കുന്നത്. 17 അംഗ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിന് 12 പേരുടെ അംഗബലമാണുള്ളത്. എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും അധ്യക്ഷ സ്ഥാനം കോൺഗ്രസിനു തന്നെയാകും. ഘടകകക്ഷിയായ കേരള കോൺഗ്രസിന് രണ്ടരവർഷത്തിനുശേഷം വൈസ് പ്രസിഡന്റ് സ്ഥാനം നൽകുന്നുവെന്നതിനാൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ പദവി നൽകിയിട്ടില്ല.
അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് ജില്ലാ പഞ്ചായത്തിനുള്ളത്. വൈസ് പ്രസിഡന്റ് അധ്യക്ഷനായ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി കൂടാതെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് മാത്രമായിരിക്കും ജനറൽ വിഭാഗത്തിലുള്ളത്. വികസനം, ആരോഗ്യം- വിദ്യാഭ്യാസം, ക്ഷേമകാര്യം സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം വനിതയ്ക്കായിരിക്കും.